Padayani

Padayani

പടയണി

കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാന സ്വഭാവം ഉള്ള കലയാണ് ഇത്. പുരാതന ദ്രാവിഡ ദൈവസങ്കല്പത്തിന്റെയും രതി (കാമം), രക്തം, ലഹരി എന്നിവ അർപ്പിക്കുന്ന ആരാധനാരീതിയുടെയും ഭാഗമായി ഇതിനെ കണക്കാക്കാം. അറുപത്തിനാല് കലാരൂപങ്ങളും പടയണിയിൽ ഉണ്ടാകും. ഇത് സംഗീതം, നൃത്തം, ചിത്രകല, ആക്ഷേപഹാസ്യം എന്നിവയുടെ സംയോജനമാണ്.യുദ്ധവിന്യാസത്തെക്കുറിയ്ക്കുന്ന പടശ്രേണി എന്ന പദത്തിൽ നിന്നും ഉത്‌ഭവിച്ചതാണ് പടയണി അഥവാ പടേനി. കവുങ്ങിൻ‌പാളകളിൽ നിർ‌മ്മിച്ച വലുതും ചെറുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളങ്ങൾ‌ക്കിടയിൽ തീച്ചൂട്ടുകളുടേയും പന്തങ്ങളുടേയും വെളിച്ചത്തിൽ തുള്ളിയുറയുന്നതാണ് ഇതിന്റെ അവതരണരീതി. പ്രധാനമായും ഭദ്രകാളി ക്ഷേത്രത്തിൽ, കാവുകളിൽ എന്നിവിടങ്ങളിൽ ആണ് പടയണി നടക്കുന്നത്. മധ്യ തിരുവിതാംകൂറിലെ പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലായി പരന്നുകിടക്കുന്ന പ്രദേശങ്ങളിൽ പടയണി നടത്താറുണ്ട്. കേന്ദ്ര ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കടമ്മനിട്ട പടയണി ഗ്രാമം കേരളത്തിലെ പ്രമുഖ പടയണി പഠന പരിശീലന കേന്ദ്രമാണ്

കുംഭം, മീനം മാസങ്ങളിലാണ് പടയണി നടക്കാറ്. പന്ത്രണ്ട് ദിവസത്തോളം നീണ്ടു നിൽക്കുന്ന പടയണിയുടെ ഒന്നാം ദിവസത്തെ ചടങ്ങ് ചൂട്ടുവെപ്പോടുകൂടി ആരംഭിക്കുന്നു. പടയണി നടക്കുന്നു എന്ന വിവരമറിയിയ്ക്കാൻ നടത്തുന്ന വാദ്യമേളമാണ് കാച്ചിക്കെട്ട്. ചിലയിടങ്ങളിൽ ഇതിനെ തപ്പുമേളം എന്നും പറയും. ചൂട്ടുക്കറ്റയിലാണ് ശ്രീകോവിലിൽ നിന്നും അഗ്നി സ്വരൂപിണിയായ അമ്മയെ ആവാഹിക്കുന്നത്. അങ്ങനെ ആവാഹിച്ചെടുത്ത അഗ്നി യഥാസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ ചടങ്ങുകൾ തീരുന്നതുവരെ അണയാതെ എരിഞ്ഞു കൊണ്ടു തന്നെ നിൽക്കണം.

 

ഇലകളോട് കൂടിയ ചെറിയ മരച്ചില്ലകൾ വീശിക്കൊണ്ട് ആർത്തുവിളിച്ച് ആണ് കാപ്പൊലി നടത്തുന്നത്.കൈമണികളേന്തിയുള്ള തുള്ളലാണ് താവടിതുള്ളൽ. തിരുവല്ല കുന്നന്താനം തുടങ്ങിയ സ്ഥലങ്ങളിൽ ഇത് അടവി എന്നും പറയപ്പെടുന്നു

കമുകിൻ പാള ചെത്തിയെടുത്ത് പച്ച ഈർക്കിൽ കൊണ്ട് യോജിപ്പിച്ച് അരികുകളിൽ കുരുത്തോലയും കൊണ്ടാണ് കോലങ്ങൾ ഉണ്ടാക്കുന്നത് ആചാരദേവതയുടെ കോലം കരിയും ചെങ്കല്ലും മഞ്ഞളും പാളയിൽ വരഞ്ഞുണ്ടാക്കുന്നു.

പ്രധാന കോലങ്ങൾ
ഭൈരവി കോലം
കാലൻ കോലം
യക്ഷിക്കോലം
പക്ഷിക്കോലം
മാടൻ കോലം
മറുത കോലം
ഗണപതി അഥവാ പിശാച് കോലം
ശിവ കോലം
ദേവതാ കോലം
ഭദ്രകാളി കോലം
കുതിര കോലം
കാഞ്ഞിരമാല
കുറത്തി
പരദേശി
അരക്കിയക്ഷി
മായയക്ഷി
എരിനാഗയക്ഷി
അന്തരയക്ഷി
വെളിച്ചപാട്
നിണഭൈരവി
മംഗളഭൈരവി

പടയണി

പടയണിയുടെ ആദ്യപടിയാണിത്. ഓരോ പടയണിക്കരപ്പുറത്തിനും അതിൻ്റേതായ പരമ്പരാഗതമായ ചൂട്ടുവെപ്പ് ഉണ്ട്. തെങ്ങിൻ ഇലകളുടെ (തുഞ്ചനി) വാൽ ആണ് ചൂട്ട്. അത് പൂജാരി ശ്രീകോവിലിലെ വിളക്കിൽ നിന്ന് കത്തിച്ച് ഊരാഴ്മക്കാരനെ ഏൽപ്പിക്കുന്നു. പ്രദക്ഷിണം നടത്തിയ ശേഷം ചൂട്ട് ക്ഷേത്രത്തിൻ്റെ തെക്ക് പടിഞ്ഞാറേ മൂലയിൽ സ്ഥാപിക്കും. ചൂട്ടുവെയ്പ്പിനുശേഷം പടയണിയിലെ ആചാര്യന്മാർ പടയണി ദേവിയെ ഉച്ചത്തിൽ 'ഈ-ഹൂ' എന്ന് വിളിക്കുന്നു. ഈ ചടങ്ങിനെ ചില സ്ഥലങ്ങളിൽ വിളിച്ചിറക്കൽ, കൊട്ടിവിളിക്കൽ അല്ലെങ്കിൽ പച്ചത്തപ്പും കൈമണിയും എന്ന് വിളിക്കുന്നു. സൂര്യാസ്തമയത്തിനു ശേഷം 3 മണിക്കൂർ കഴിഞ്ഞ്. വീക്കൻ ചെണ്ട ഒരു പ്രത്യേക താളത്തിൽ ഉപയോഗിക്കുകയും കാവിനു ചുറ്റും ഒരു അലർച്ച ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നു. പടയണിയിൽ ഇതിനെ പിശാചിനെ ഉണർത്തൽ എന്ന് പറയും
പടയണി നടക്കുന്ന ക്ഷേത്രങ്ങൾ
കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രം
കദളിമംഗലം ദേവീക്ഷേത്രം, വെൺപാല
കോട്ടാങ്ങൽ ദേവി ക്ഷേത്രം
തെള്ളിയൂർക്കാവ് ദേവീക്ഷേത്രം
നീലംപേരൂർ ക്ഷേത്രം
ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം
എഴുമറ്റൂർ പനമറ്റത്തുകാവ് ഭദ്രകാളി ക്ഷേത്രം
കുന്നന്താനം മഠത്തിൽക്കാവ് ഭഗവതിക്ഷേത്രം
ശ്രീ പോരിട്ടിക്കാവ് ദേവി ക്ഷേത്രം -വെണ്ണിക്കുളം
കല്ലൂപ്പാറ ഭഗവതി ക്ഷേത്രം
പുല്ലാട് ഭഗവതിക്കാവ് ദേവീക്ഷേത്രം
അയിരൂർ പുതിയകാവ് ദേവീക്ഷേത്രം
മുത്തൂർ ഭദ്രകാളി ക്ഷേത്രം
നെടുമ്പ്രയാർ തേവലശ്ശേരി ദേവീക്ഷേത്രം
കവിയൂർ ഞാലിയിൽ ഭഗവതീക്ഷേത്രം
കടമ്മനിട്ട ഭഗവതി ക്ഷേത്രം
വലംചുഴി ശ്രീഭുവനേശ്വരി ക്ഷേത്രം
പൂഴിക്കുന്ന് ദേവീക്ഷേത്രം
ഇരവിപേരൂർ തിരുനല്ലൂർസ്ഥാനം ദേവീക്ഷേത്രം
മഠത്തുംപടി ശ്രീ ഭദ്രകാളി ക്ഷേത്രം
തിരുവല്ല ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രം
തച്ചരിക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രം ആലപ്ര