
ശംഖ് (വാദ്യം)
കഥകളിപോലെയുള്ള കലാരൂപങ്ങളിലും വാദ്യമേളങ്ങളിലും അനുഷ്ഠാനങ്ങളുടെ ഭാഗമായുമൊക്കെ ഉപയോഗിക്കുന്ന വാദ്യമാണ് ശംഖ്. കേരളത്തിൽ മാത്രമല്ല ഭാരതം മുഴുവൻ ഈ വാദ്യം പ്രചാരത്തിലുണ്ട്. ഹൈന്ദവാചാരപ്രകാരം പല മംഗളകർമങ്ങളും തുടങ്ങുന്നത് ശംഖുനാദത്തോടെയാണ്. മേളങ്ങൾ തുടങ്ങുന്നതിന് മുൻപും മേളത്തിനിടക്കും ശംഖ് ഊതാറുണ്ട്. കൂടിയാട്ടത്തിൽ കഥാപാത്രം രംഗത്തുവരുന്നതിന് മുൻപ് ശംഖ് ഊതാറുണ്ട്. ചില പ്രത്യേക കഥാപാത്രങ്ങളുടെ വരവിനു മുൻപ് ശംഖൂതുന്ന പതിവ് കഥകളിയിലുമുണ്ട്. ക്ഷേത്രങ്ങളിലും ശംഖ് ഉപയോഗിക്കുന്നു.
ചെണ്ട
കേരളത്തിന്റെ തനതായ ഒരു തുകൽവാദ്യോപകരണമാണ് ചെണ്ട. ഒരു അസുര വാദ്യം എന്നാണറിയപ്പെടുന്നത്. വൃത്താകൃതിയിൽ ചെത്തിമിനുക്കിയ ഒരു തടിക്കുഴലിൽ (ചെണ്ടക്കുറ്റി) നിന്നാണ് ചെണ്ട ഉണ്ടാക്കുക. ചെണ്ടകൊട്ടുകാരന്റെ കഴുത്തിൽ ലംബമായി തൂക്കിയിടുന്ന ഈ വാദ്യോപകരണത്തിന്റെ രണ്ടറ്റത്തും വ്യത്യസ്തമായ ശബ്ദം പുറപ്പെടുവിക്കുന്നതരത്തിലാണ് നിർമ്മിച്ചിരിക്കുക. ചപ്പങ്ങം പോലുള്ള മരത്തിന്റെ രണ്ട് കോലുകൾ ഉപയോഗിച്ച് ചെണ്ട കൊട്ടുന്നു. ചെണ്ട എന്നുമുതലാണ് ഉപയോഗത്തിൽ വന്നതെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകൾ ഇല്ല.കേരളീയ മേളവാദ്യങ്ങളായ ചെണ്ടമേളം, തായമ്പക , പഞ്ചാരി മേളം , പാണ്ടി മേളം, ശിങ്കാരി മേളം എന്നിവയിലെ ഏറ്റവും പ്രധാനപ്പെട്ട വാദ്യോപകരണമാണ് ചെണ്ട. കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലെയും കഥകളി, കൂടിയാട്ടം, കന്ന്യാർ കളി, തെയ്യം, തുടങ്ങിയ നാടൻ കലാരൂപങ്ങളിലേയും ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യോപകരണമാണ്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും, തമിഴ് നാട്ടിൽ കന്യാകുമാരി ജില്ലയിലും, കർണാടകത്തിന്റെ തുളുനാടൻ ഭാഗങ്ങളിലും ചെണ്ട ഉപയോഗിക്കുന്നു. കർണാടകത്തിൽ ഇത് ചെണ്ടെ എന്ന് അറിയപ്പെടുന്നു.
കർണാടകത്തിലെ യക്ഷഗാനം എന്ന നൃത്ത-നാടക കലാരൂപത്തിലും ചെണ്ട ഉപയോഗിക്കുന്നു. ഇടി മുഴക്കതിന്റെ നാദം മുതൽ നേർത്ത ദലമർമ്മരത്തിന്റെ ശബ്ദം വരെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അത്ഭുത വാദ്യോപകരണമാണു ചെണ്ടയെപ്പറ്റി പറയാറുണ്ട്. എല്ലാ താളവും ചെണ്ടക്ക് താഴെ എന്നൊരു പഴഞ്ചൊല്ല് ഉള്ളത് അതിന്റെ ശക്തി വിളിച്ചോതുന്നു. അത് കൊണ്ട് തന്നെ ചേണ്ടയെ 18 വാധ്യങ്ങൾക്ക് തുല്യമായി കണക്കാക്കുന്നു
ചേങ്ങില
ഒരു കേരളീയ വാദ്യോപകരണം.ഘനവാദ്യമാണ് ചേങ്ങില. വൃത്താകൃതിയിലുള്ള ഈ വാദ്യം ഓടുകൊണ്ടാണ് നിർമ്മിക്കുന്നത്. കൊട്ടുന്നത് കോലുപയോഗിച്ചാണ്. ചേങ്കില എന്നും പേരുണ്ട്. പല വലിപ്പത്തിലും നിർമ്മിക്കാറുണ്ട്. മുൻപ് പഞ്ചവാദ്യത്തിൽ ചേങ്ങിലയും ഉണ്ടായിരുന്നു. കഥകളിയിലെ ഒരു പ്രധാന വാദ്യോപകരണമാണിത്. കൃഷ്ണനാട്ടം,സംഘംകളി എന്നിവയിലും ഉപയോഗിക്കുന്നു. കളം പാട്ടുകളിൽ ഇടക്ക കൊട്ടുമ്പോൾ താളത്തിനായി ചേങ്ങില ഉപയോഗിക്കുന്നു
കൊമ്പ്
ഘനവാദ്യങ്ങളുടെ ശ്രേണിയിൽ വെങ്കലത്തിൽ വാർത്തു നിർമ്മിച്ച വളഞ്ഞ കുഴൽരൂപത്തിലുള്ള ഒരു വാദ്യമാണ് കൊമ്പ്. ഇത് ഒരു സുഷിരവാദ്യമായും പരിഗണിക്കുന്നു. അർദ്ധചന്ദ്രാകാരമായ ഒരു വില്ലുപോലെ വളഞ്ഞിരിക്കുന്ന ഈ വാദ്യത്തിന് പ്രധാനമായും മൂന്ന് ഭാഗങ്ങളുണ്ട്.വായിൽ ചേർത്ത് പിടിക്കുന്ന ചെറുവിരൽ വണ്ണത്തിലുള്ള താഴത്തെ ഭാഗം, ക്രമേണ വ്യാസം കൂടി വരുന്ന മദ്ധ്യ ഭാഗം, വീണ്ടും വ്യാസം വർദ്ധിച്ച് തുറന്നിരിക്കുന്ന മുകൾ ഭാഗം. ഊതേണ്ട ഘട്ടത്തിൽ ഈ മൂന്ന് ഭാഗങ്ങളെ പിരിയിട്ട് ഘടിപ്പിക്കുന്നു. ഈ ഭാഗങ്ങളിൽ മെഴുക് തേച്ച് പിടിപ്പിക്കുന്നതും കാണാം. കൊമ്പിന്റെ രണ്ട് അറ്റങ്ങൾ തമ്മിൽ ഒരു ചരടുകൊണ്ട് ബന്ധിപ്പിച്ചിട്ടുണ്ടാവും. ഊത്തു മുറിയിലും, നടുമുറിയിലും കൈപിടിച്ചാണ് ഈ വാദ്യം ഊതുന്നത്.ചെണ്ട ഉപയോഗിച്ചുള്ള സപ്ത മേളങ്ങളിലും, വിശദമായി അവതരിപ്പിക്കുന്ന പരിഷവാദ്യത്തിലും, പഞ്ചവാദ്യത്തിലും കൊമ്പ് പ്രധാനമായും ഉപയോഗിക്കുന്നു. ക്ഷേത്രങ്ങളിൽ വിളക്കാചാരത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന കൊമ്പ് പറ്റ് എന്ന ചടങ്ങ് ഈ വാദ്യം പ്രയോഗിക്കുന്ന കലാകാരന്മാരുടെ കഴിവ് തെളിയിക്കുന്ന ഒരു അവസരമാണ്. സാധാരണയായി അടന്ത(14 അക്ഷര കാലം), ചെമ്പട(8 അക്ഷരകാലം), ചമ്പ(10 അക്ഷരകാലം) എന്നീ താളങ്ങളിൽ ആണ് പറ്റ് വായിക്കുന്നത്. ഏതില് തുടങ്ങിയാലും ചെമ്പടയിലാണ് അവസാനിപ്പിക്കുന്നത്. വലിയ അക്ഷര കാലത്തിൽ പതിഞ്ഞ് തുടങ്ങി ചെറിയ അക്ഷരകാലത്തിൽ വേഗത കൂട്ടി ആസ്വാദകരേ ആവേശഭരിതമാക്കുന്ന, സാധാരണ മേളങ്ങളിൽ ഉപയോഗിക്കുന്ന ആ ശൈലി കൊമ്പു പറ്റിലും കാണാം. രൗദ്ര മേളമായ പാണ്ടിയുടെ കൊലുമ്പലിൽ കൊമ്പ് ഊതുന്ന ശബ്ദം അവർണ്ണനീയം എന്നേ പറയാനാകൂ. മേളങ്ങളിൽ കലാശം ഊതി തുടർന്ന് രണ്ട് താളവട്ടവും, പഞ്ചവാദ്യത്തിൽ കാലം നിരത്തുമ്പോളും, കൂട്ടിക്കൊട്ടിനും, ഓരോ കാലങ്ങളിലെ പതിഞ്ഞ താളത്തിൽ നില മുഴുവനായും കൊമ്പ് ഊതുന്നു.മറ്റ് വദ്യങ്ങളുടെ പ്രയോഗത്തേ അപേക്ഷിച്ച് ആയാസം കൂടുതൽ ആവശ്യമുള്ള വാദ്യമാണ് കൊമ്പ്. ശ്വാസം പിടിച്ച് നിർത്താനുള്ള കഴിവും, കൃത്യമായി തിരിച്ചറിയൻ പറ്റുന്ന രീതിയിൽ ചൊല്ലുകൾ ഊതുവാനുള്ള അക്ഷരശുദ്ധിയും സായത്തമാക്കുവാൻ കടുത്ത സാധകം ആവശ്യമാണ്
കുറുംകുഴൽ
സുഷിര വാദ്യഗണത്തിൽ ഉൾപ്പെടുന്ന ഒരു വാദ്യമാണ് കുറുംകുഴൽ. സാധാരണയായി ചെണ്ട ഉപയോഗിച്ചുള്ള അക്ഷര കാലങ്ങളിലുള്ള മേളങ്ങളിൽ പ്രധാനിയാണ് കുറും കുഴൽ. മേളങ്ങളുടെ താളവട്ടങ്ങളെ ഈ സവിശേഷ വാദ്യം ശ്രുതിമധുരമാക്കുന്നു.മറ്റു വാദ്യങ്ങളെ അപേക്ഷിച്ച് പ്രത്യേകമായ ഒരു രൂപഭാവം കുറുംകുഴലിന്റെ പ്രത്യേകതയാണ്. തടിയിൽ നിർമ്മിച്ച ശ്രുതിക്കുഴല്‍, വെങ്കലത്തില്‍ കെട്ടിച്ച മുരട്. മുരടില്‍ ഊതാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരു തരം പുല്ലിൽ നിർമ്മിച്ച ശീവാളി, വെള്ളോടിൽ നിർമ്മിച്ച അണശ് എന്നിവയാണ് ഈ വാദ്യത്തിന്റെ പ്രധാന ഭാഗങ്ങൾ. കാഴ്ചയിൽ നാദസ്വരത്തിന് സമാനമെങ്കിലും അതിനേക്കാൾ വലിപ്പക്കുറവുണ്ട്.സപ്തമേളങ്ങളിലും സംഗീതാത്മകമായ മേളപ്രപഞ്ചം തീർക്കാൻ കഴിവുള്ള ഈ വാദ്യം ഇല്ലാതെയും മേളം അവതരിപ്പിക്കാമെങ്കിലും ഏതൊരു മേളവും രാജകീയമാവണമെങ്കിൽ അതിൽ കുറും കുഴലിന്റെ സാന്നിധ്യം ഉണ്ടായിരിക്കണം. ഓരോ ചെണ്ടക്കാരനും അഭിമുഖമായി നിന്ന് സമയബന്ധിതമായ മേളം കലാശങ്ങളിലേക്കു നയിക്കുന്ന ചുമതല കുഴൽ പ്രയോഗിക്കുന്ന ആൾക്കാണ്. കുറും കുഴൽ ഉപയോഗിച്ച് ചിട്ടപ്പെടുത്തി എടുത്ത നാദസുന്ദരമായ ഒരു വാദ്യപ്രയോഗമാണ് കുറുംകുഴൽ പറ്റ്. സമ്മിശ്രവാദ്യങ്ങൾ ചേർന്നുള്ള മേളങ്ങളിൽ കുഴലിന്റെ പ്രയോഗങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുമ്പോളും വിളക്കാചാരത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന കുറുംകുഴൽപറ്റ് ഈ വാദ്യത്തിന്റെ സവിശേഷതയും, അത് പ്രയോഗിക്കുന്ന കലാകാരന്റെ സാധനയും പ്രകടമാക്കാൻ സാധിക്കുന്ന ഒരു ചടങ്ങാണ്. ക്ഷേത്രോത്സവങ്ങളിലെ അനുഷ്ഠാന വാദ്യ സമ്പ്രദായമായ, പരിഷവാദ്യത്തിന്റെ വിപുലമായ പ്രയോഗത്തിൽ കുറുംകുഴൽ അവിഭാജ്യ ഘടകമാണ്. കുറുംകുഴൽ ഉപയോഗിച്ച് സംഗീത കച്ചേരികളും നടത്തപ്പെടാറുണ്ട്. പത്മശ്രീ. ശങ്കരൻ കുട്ടിമാരാർ അണിയിച്ചൊരുക്കിയ “ശ്രുതി മേളം” പഞ്ചാരിമേളത്തിൽ, അഞ്ച് കാലങ്ങളിൽ അഞ്ച് രാഗങ്ങളായി കുറുംകുഴലിൽ ശ്രുതി ചേർത്ത് അവതരിപ്പിച്ചപ്പോൾ വാദ്യ കലാലോകത്തിന് അതൊരു നവ്യാനുഭവമായിരുന്നു.
തിമില
ശംഖ്, ഇടക്ക, ചേങ്ങില, വലന്തല, തിമില. എന്നീ വാദ്യങ്ങൾ ക്ഷേത്ര അടിയന്തിര വാദ്യങ്ങളിൽ നിത്യോപയോഗമുള്ളതും, പരമപ്രധാനവുമായ അഞ്ചു വാദ്യങ്ങളാണ്. ഇവയിൽ ആഢ്യത്വം ഏറിയതും, പ്രാമാണിക സ്ഥാനം വഹിക്കുന്നതുമായ വാദ്യമാണ് തിമില വാദ്യം. ക്ഷേത്രങ്ങളിൽ നിത്യാടിയന്തിര ചടങ്ങുകളോടൊപ്പം പാണികൊട്ടാൻ ഉപയോഗിക്കുന്ന വാദ്യം എന്ന നിലയിലും, ശീവേലി, ശ്രീഭൂതബലി, ഉത്സവബലി എന്നീ ചടങ്ങുകളിൽ വിളംബിതം കൊട്ടുന്ന വാദ്യം എന്ന നിലയിലും തിമില അടിയന്തിര വാദ്യങ്ങളിലെ നായക സ്ഥാനം അടക്കി വാഴുന്നു.നിത്യശീവേലി ഉള്ള ക്ഷേത്രങ്ങളിൽ പാണി കൊട്ടുന്നത് തിമിലയും, ചേങ്ങിലയും, ശംഖും ചേർന്നാണ്. ശീവേലി, ശ്രീഭൂതബലി, ഉത്സവബലി എന്നീ താന്ത്രിക പ്രധാനമായ അടിയന്തിര ചടങ്ങുകൾക്ക് തിമില, വലന്തല, ചേങ്ങില എന്നീ വാദ്യങ്ങൾ ഉപയോഗിക്കുന്നു. ഇതിൽ ഉത്സവബലിക്കു മാത്രം പാണികൊട്ടാൻ മരവും, ശീവേലിക്കും ശ്രീഭൂതബലിക്കും തിമിലയും ഉപയോഗിക്കുന്നു. തുടർന്നുള്ള വിളംബിതം കൊട്ടലിൽ തിമിലയാണ് പ്രധാന വാദ്യം. പഞ്ചവാദ്യത്തിലും പരിഷവാദ്യത്തിലും പ്രമാണിക പരിവേഷമുള്ള വാദ്യമാണ് തിമില.സ്പടിക ഘടികാരത്തിന്റെ ആകൃതിയിൽ (ഉരലിന്റെ ആകൃതിയിലും) വരിക്കപ്ലാവിന്റെ മരക്കുറ്റിയിൽ കടഞ്ഞെടുത്ത കുറ്റിയാണ് തിമില നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ഉരലിന്റെ ആകൃതിയിൽ രണ്ടറ്റവും അല്പം വ്യാസം കൂട്ടി നടുക്ക് വീതി കുറയുന്ന രീതിയിൽ ആണ് തിമിലക്കുറ്റിയുടെ നിർമ്മാണം. കുറ്റിയിൽ നടുക്ക് ഒരു ചെറിയ ദ്വാരം കാണാം. ഇതിനെ ജീവനാളി എന്ന് പറയുന്നു. മഹാദേവൻ ഈ വാദ്യത്തിനു ശ്രുതി സുന്ദരമായ തോം കാരം നൽകിയത് ഈ ദ്വാരമിട്ടാണ് എന്നാണ് സങ്കല്പം.ധിമി എന്ന മത്സ്യത്തിന്റെ രൂപ സാദൃശ്യം ഉള്ളതുകൊണ്ടാണ് ധിമില എന്ന പേര് വന്നത് എന്ന് ഒരു പ്രമാണം ഉണ്ട്. ധിമില ലോപിച്ചു തിമില ആയതാവാം. രണ്ടു വശങ്ങളിലും തോലുകൊണ്ടുള്ള വട്ടങ്ങൾ ഉപയോഗിക്കുന്നു. രണ്ടു വട്ടങ്ങളുടെയും വളയലിൽ ഉള്ള ആറു ദ്വാരങ്ങളിലൂടെ തോൽപറ്റ് കൊണ്ടുണ്ടാക്കിയ മനോഹരമായ വാറ് ഉപയോഗിച്ച് രണ്ടു വട്ടങ്ങളെയും ബന്ധിപ്പിക്കുന്നു. തിമിലയുടെ രണ്ടു വശത്തെ തുകൽ വട്ടങ്ങൾ കൊട്ടുവട്ടം എന്നും മൂട്ടുവട്ടം എന്നും പറയുന്നു. ഇതിൽ കൊട്ടുവട്ടം കോർത്ത വശത്തു രണ്ടു കൈകളും ഉപയോഗിച്ചാണ് ഈ വാദ്യം കൊട്ടുന്നത്. തോൽ വട്ടങ്ങളുടെ ക്ഷാമം മൂലം ഇപ്പോൾ ഫൈബർ വട്ടങ്ങൾ (സിന്തറ്റിക് വട്ടം) ഉപയോഗിക്കുന്നുണ്ട്.ക്ഷേത്ര അടിയന്തിര വാദ്യമേളമായ പാരിഷദ വാദ്യത്തിൽ (പരിഷവാദ്യം) പ്രധാന സ്ഥാനം തിമിലക്കുണ്ട്. വാദ്യകലാസ്വാദകരെ ആവേശത്തിന്റെ പരകോടിയിൽ എത്തിക്കുന്ന പഞ്ചവാദ്യം എന്ന വാദ്യമേളകലാ സ്വരൂപത്തിന്റെ പ്രമാണ സ്ഥാനം അടക്കി ഭരിക്കുന്ന ദേവവാദ്യമാണ് തിമില അഥവാ ധിമില. ശിവ ഭക്തനായ ശൂരപത്മൻ എന്ന അസുരനാൽ നിർമിതമായ ദേവവാദ്യം എന്ന പ്രത്യേകത ഈ വാദ്യത്തിനുണ്ട്. ഒരു അസുരനാണ് രൂപകല്പന ചെയ്തതെങ്കിലും ഭഗവൻ ശ്രീ പരമേശ്വരൻ കുറ്റിയിലെ ജീവനാളിയിലൂടെ ഓംകാരം എന്ന “തോം” കാരം നൽകി ആ വാദ്യത്തെ ശബ്ദമാനമാക്കിയതുകൊണ്ടാവാം ഈ വിശേഷവാദ്യം ദേവവാദ്യങ്ങളുടെ ഗണത്തിൽ വരുന്നത്. “ത” കാരം, “തോം” കാരം എന്നീ രണ്ടു ശബ്ദങ്ങൾ തിമിലയിൽ സൃഷ്ടിക്കപ്പെടുന്നു. തകാരം ഗംഭീരമായ താളനിയന്ത്രണം ഉള്ള നാദം ആണ്. തോം കാരം എന്ന ശബ്ദം ശ്രുതി സുന്ദരമായ നാദം ആണ്. ക്ഷേത്രാടിയന്തിരത്തിലെ പാണിയും, വിളംബിതവും, കൂറുകളും എല്ലാം കൃത്യതയോടെ, ചിട്ടയോടെ കൊട്ടണമെങ്കിൽ, ഇരു കൈകളിലും ഈ രണ്ടു ശബ്ദങ്ങൾ കൃത്യമായും, വ്യക്തമായും തെളിഞ്ഞു കേൾക്കണം. ഇപ്രകാരം നിരവധി പ്രത്യേകതകൾ നിറഞ്ഞ തിമില വാദ്യം അടിയന്തിര, അനുഷ്ഠാനങ്ങളിൽ പ്രഥമസ്ഥാനത്ത് ശോഭിക്കുന്നു.
ഇലത്താളം
ഗീതം, വാദ്യം, നൃത്യം എന്നീ കലകൾ മികച്ച ഒരു താളപദ്ധതിയുടെ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തപ്പെടുത്തിയ മഹാത്ഭുതങ്ങളാണ്. വിവിധ താളപ്രകാരങ്ങളിലും, ഗതികളിലും അധിഷ്ഠിതമാക്കി ഒട്ടും സംഗീതമില്ലാതെ, നിർമ്മിച്ചെടുത്ത കലാവിസ്മയമാണ് മേളവാദ്യകല. നല്ല കെട്ടുറപ്പുള്ള, ശാസ്ത്രീയമായ ചിട്ടകളോടുകൂടിയ ഒരു താളപദ്ധതിയുണ്ടെങ്കിൽ മാത്രമേ മേളങ്ങൾ ആവിഷ്ക്കരിയ്ക്കാൻ കഴിയുകയുള്ളു.ശൈവ -ശക്തി സമന്വിതമാണ് താളം എന്ന മഹത്തായ സങ്കൽപ്പം.“തകാരം ശങ്കരപ്രോക്തംലകാരം ശക്തിരുശ്ച്യതേശിവശക്തി സമായോഗേതാള നാമാഭി ധീയതെ”ശിവൻ താണ്ഡവവും പാർവതി ലാസ്യവും പ്രകടിപ്പിയ്ക്കുന്നു. ശിവന്റെ ശക്തമായ ചലനത്താൽ ‘ത’എന്ന ശബ്ദവും പാർവതിയുടെ ലാസ്യനടനത്താൽ ‘ല’എന്ന ശബ്ദവും ഉണ്ടാകുന്നു. ഇപ്രകാരം ശിവശക്തിയുടെ (അർദ്ധനാരീശ്വര സങ്കൽപ്പം) സംയോഗത്താൽ താലം അഥവാ താളം ഉണ്ടായത്രേ. സമയത്തിന്റെ തുല്യ അകലത്തിൽ സംഭവിയ്ക്കുന്നതാണ് താളം. താളങ്ങൾക്കിടയിൽ വരുന്ന സമയമാണ് ലയം.എല്ലാ വാദ്യമേളങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്ന ഒരു ഘടനയുണ്ട്. ആ ഘടനയുടെ ആധാരം താളമാണ്. ആ താളത്തിൽ അനുഷ്ഠിതമായി മേളങ്ങൾക്കെല്ലാം താളക്കൊഴുപ്പേകുന്ന ഒരു വാദ്യം ആണ് ഇലത്താളം. പേര് സൂചിപ്പിക്കുന്നതുപോലെ താമരയിലയുടെ ആകൃതിയിൽ ഓട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ലോഹ വാദ്യമാണ് ഇലത്താളം. രണ്ടു താളങ്ങളുടെ നടുവിലുള്ള കുഴിയിലൂടെ ചരടു കോർത്ത് രണ്ടു കരങ്ങളിൽ പിടിച്ചു അവ പരസ്പരം കൂട്ടി മുട്ടിച്ചാണ് താളം സൃഷ്ടിക്കുന്നത്. വാദ്യങ്ങളില്ലാതെയും താളം പിടിക്കാം. ശൈവ സങ്കല്പമായ വലതു കയ്യും, ശക്തി സങ്കല്പമായ ഇടതു കയ്യും കൂട്ടി മുട്ടിക്കുമ്പോൾ നാദം ഉണ്ടാകുന്നതുപോലെ. ഒരു താളം വലതുകൈയ്യിലും ഒരു താളം ഇടതു കയ്യിലും പിടിച്ചു പരസ്പരം കൂട്ടിമുട്ടിച്ചു ഇലത്താളത്തിൽ താളം പിടിക്കുന്നു. ആ ഒരു രീതിയെ പിന്തുടരുമ്പോൾ താഴെ പറയുന്ന കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്.താളത്തിന്റെ പ്രാണസമാനമായി കാലം, മാർഗ്ഗം എന്ന് തുടങ്ങി പത്ത് കാര്യങ്ങൾ സംഗീതശാസ്ത്രത്തിൽ വിവരിയ്ക്കുന്നുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും, ഇവിടെ പ്രസക്തമായതും ആയി രണ്ടെണ്ണമാണുള്ളത്. അവയാണ് ‘ക്രിയ’, ‘അംഗം’ എന്നിവ. താളം പിടിയ്ക്കുന്നതിന്നായി നടത്തുന്ന മനുഷ്യന്റെ പ്രയത്നമാണ് ക്രിയ. താളത്തിന്റെ അവയവങ്ങളാണ് അംഗങ്ങൾ. ഒന്നിലധികം അവയവങ്ങൾ ഒന്നിച്ച് ചേർന്നാലാണ് ഒരു പരിപൂർണ്ണ താളമാകുന്നത്. ക്രിയകൾ രണ്ടുതരത്തിലാണുള്ളത്. ഒന്ന് – സശബ്ദക്രിയ, രണ്ട് – നിശ്ശബ്ദക്രിയ. പേരുകൾ സൂചിപ്പിയ്ക്കുന്നതുപോലെ തന്നെയാണ് അവയുടെ അർത്ഥവും. ശബ്ദം ഉണ്ടാക്കുന്ന ക്രിയ സശബ്ദക്രിയ. കയ്യുകൾ തമ്മിൽ കൂട്ടിയടിയ്ക്കുക, വിരൽ ഞൊടിയ്ക്കുക, ചേങ്ങിലയിൽ വടികൊണ്ടടിയ്ക്കുക, രണ്ട് ഇലത്താളങ്ങൾ തമ്മിലടിയ്ക്കുക മുതലായവ സശബ്ദക്രിയകളാണ്. അതുപോലെ ശബ്ദം ഉണ്ടാക്കാത്ത ക്രിയകൾ നിശ്ശബ്ദക്രിയകൾ. കയ്യ് വീശുക, വിരൽ മടക്കുക, ക്രിയകൾ ഒന്നും ചെയ്യാതിരിയ്ക്കുക എന്നിവ നിശ്ശബ്ദക്രിയകൾക്ക് ഉദാഹരണമാണ്. താളം പിടിയ്ക്കുന്നതിന്ന് ഇവിടെ പ്രധാനമായും ഉപയോഗിയ്ക്കുന്ന ഉപകരണം ഇലത്താളമാണ്. അതിനാൽ അതിന്റെ ക്രമം പറയാം. മൂന്ന് തരത്തിൽ സശബ്ദക്രിയ പിടിയ്ക്കുന്നു. അടച്ച്, തുറന്ന്, തരിയിട്ട് എന്നിവയാണവ. രണ്ട് ഇലത്താളങ്ങളും കൂട്ടിയടിച്ച് വേർപ്പെടുത്താതെ അടച്ച് തന്നെ പിടിയ്ക്കുന്നത് അടച്ച്. തമ്മിൽ കൂട്ടിയടിച്ചുകഴിഞ്ഞാൽ ഉടനെതന്നെ വലിച്ചെടുക്കുന്നത് തുറന്നത്. ഇതിന്റെ ശബ്ദത്തിന്ന് നീളം കൂടുന്നതാണ്. താഴത്തെ ഇലത്താളത്തിന്റെ ഉപരിതലത്തിൽകൂടി മുകളിലെ ഇലത്താളം ഉരുട്ടിയെടുക്കുന്നതാണ് തരിയിട്ടത്. ഒരു നിശ്ശബ്ദക്രിയയുടെ തൊട്ടുമുമ്പുവരുന്ന സശബ്ദക്രിയയാണ് സാധാരണയായി തരിയിട്ട് പിടിയ്ക്കുക പതിവ്. നിശബ്ദക്രിയയ്ക്ക് ക്രിയകളൊന്നുമില്ല.ചെണ്ട ഉപയോഗിച്ചുള്ള എല്ലാ മേളങ്ങളിലും (കേളി, തായമ്പക ഉൾപ്പടെ) നിർബന്ധമായി ഉപയോഗിക്കുന്ന വാദ്യമാണ് ഇലത്താളം. കൂടാതെ പഞ്ചവാദ്യം, പരിഷവാദ്യം എന്നീ വാദ്യശൃംഖലകളിലും കഥകളി, കൃഷ്ണനാട്ടം, കൂടിയാട്ടം എന്നി കലകളിലും ഇലത്താളം ഉപയോഗിക്കുന്നു. അക്ഷരകാലങ്ങളിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന പഞ്ചാരി, പാണ്ടി, അടന്ത തുടങ്ങിയ മേളങ്ങൾക്കു വലന്തലയുടെ കൊട്ടിന് അനുശ്രുതമായി ഇടനികത്തി താളം പിടിക്കുക എന്ന ധർമ്മമാണ് ഇലത്താളത്തിന് ഉള്ളത്. അങ്ങിനെ വരുമ്പോൾ ഇലത്താളത്തിലെ പ്രയോഗം വലന്തലയ്ക്കു അനുസരിച്ചാണ് എന്ന് സാരം. എന്നാൽ പഞ്ചവാദ്യത്തിൽ തിമിലയ്ക്കും, മദ്ദളത്തിനും ഒപ്പം താളക്കൊഴുപ്പേകുകയും താളം നിയന്ത്രിച്ചു കൊണ്ടുപോകുകയും ചെയ്യുന്നത് ഇലത്താളമാണ്. ഇലത്താളത്തിന്റെ ശബ്ദമില്ലാതെ ഒരു മേളമോ, പഞ്ചവാദ്യ മോ സങ്കല്പിക്കാൻ പോലും സാധ്യമല്ല. അങ്ങനെ ശബ്ദം കൊണ്ടും, ധർമ്മം കൊണ്ടും ഒരു സമ്പൂർണ്ണ വാദ്യമായി ഇലത്താളം വാദ്യകലയിൽ പരിശോഭിക്കുന്നു.
വലന്തലവാദ്യം
ഗംഭീരമായ പഞ്ചാരിമേളത്തിലും, പാണ്ടിമേളത്തിലും ചെണ്ടയ്ക്കു പിന്നിലായി, കാഴ്ചയിൽ ചെണ്ടയുടേതിന് സമാനമായ, എന്നാൽ ഘനഗംഭീര ശബ്ദം മുഴങ്ങുന്ന ഒരു വാദ്യം കാണാം. അതാണ് വലന്തലവാദ്യം. ചെണ്ട ഉപയോഗിച്ചുള്ള എല്ലാ മേളങ്ങളുടേയും കാലം നിയന്ത്രിച്ചു കൊണ്ടുപോകുന്നത് ഈ വാദ്യമാണ്. എല്ലാ മേളങ്ങളുടെയും അക്ഷരകാലക്രമത്തിലാണ് വലന്തലയിലെ താളം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വലന്തലയിലെ കൊട്ടിന്റെ എണ്ണം (ശബ്ദ/ നിശബ്ദങ്ങൾ) മാത്രകളാക്കി എണ്ണിയാൽ ഏതൊരു മേളവും എത്ര അക്ഷരകാലത്തിൽ ആണെന്ന് തിരിച്ചറിയൻ കഴിയും. അതീവ സവിശേഷതകൾ ഉള്ള ഈ വാദ്യം വിവിധ രൂപഭാവത്തിൽ ഉപയോഗിക്കാറുണ്ട്. ചെണ്ടയുടെ തന്നെ രണ്ടാമത്തെ വശം ആയ വലന്തലയിൽ കൊട്ടുന്നതാണ് ആദ്യ രീതി. ചെണ്ടയുടെ അത്രയും ശബ്ദത്തിൽ വലിക്കാതെ വലന്തലയായ് കോർത്തെടുക്കുന്നത് രണ്ടാമത്തേ രീതി. കുറ്റിക്കു നീളം കുറച്ചു വീക്കൻ ചെണ്ട എന്ന മൂന്നാമത്തേ രീതിയിലും ഈ വാദ്യം ഉപയോഗിച്ചു കാണുന്നു. തായമ്പകയുടെ വലന്തല മേളത്തിൽ ആദ്യ രീതിയിൽ ചെണ്ടയുടെ വലന്തലയിൽ കൊട്ടാറുണ്ട്. മേളങ്ങളിലെല്ലാം കൂടുതലായും രണ്ടാമത്തെ രീതിയിൽ (വലന്തല ആയി) ഉപയോഗിക്കുമ്പോൾ, വീക്കൻ ചെണ്ട ക്ഷേത്ര അടിയന്തിര ചടങ്ങുകൾക്ക് കൂടുതലായി ഉപയോഗിക്കുന്നു. ക്ഷേത്ര മേളവാദ്യഗണത്തിലും ക്ഷേത്ര അടിയന്തിരവാദ്യ ഗണത്തിലും മുൻപന്തിയിൽ നിൽക്കുന്ന വാദ്യമാണ് വലന്തലവാദ്യം. ക്ഷേത്ര അടിയന്തിര വാദ്യങ്ങളിലെ സുപ്രധാന വാദ്യമായ വലന്തല, ശീവേലി, ശ്രീഭൂതബലി, ഉത്സവബലി എന്നിവയിലും, കലശം, ശുദ്ധിക്രിയകൾ, എതിരേൽപ് പ്രദക്ഷിണം എന്നിവയിലെല്ലാം നിർബന്ധമായി ഉപയോഗിക്കുന്നു. അടിയന്തിര വാദ്യങ്ങൾ ചടങ്ങുകൾക്ക് ഉപയോഗിക്കുമ്പോൾ അതിന്റെ തുടക്കവും, അവസാനം കൊട്ടിവയ്ക്കുന്നതും വലന്തലയിൽ ആണ്. വലന്തല, തിമില, ചേങ്ങില/ ഇലത്താളം, കൊമ്പ് ഈ വാദ്യങ്ങൾ ഉപയോഗിച്ചുള്ള പുരാതന വാദ്യ സമ്പ്രദായമായ പരിഷവാദ്യത്തിൽ പ്രഥമ സ്ഥാനം വലന്തലയ്ക്കുണ്ട്. ചെറിയ കലശങ്ങൾക്കൊക്കെ ഒരു വലന്തലയും, ശംഖും, , ചേങ്ങിലയും മാത്രം ഉപയോഗിച്ച് അടിയന്തിരങ്ങൾ നടത്തുന്ന ക്ഷേത്രങ്ങൾ അനവധിയുണ്ട്. കളമെഴുത്ത് പാട്ട്, മുടിയേറ്റ് പോലെയുള്ള അനുഷ്ഠാന കലകളിലും ഈ വാദ്യം ഉപയോഗിക്കാറുണ്ട്.ഒരു കോൽ മാത്രം ഉപയോഗിച്ച് കൊട്ടുന്ന ഈ വാദ്യത്തിൽ രണ്ടു തരത്തിലുള്ള നാദങ്ങൾ മേളത്തിൽ ഉപയോഗിച്ച് കാണുന്നു. തുറന്ന കൊട്ടും, പൊത്തിപ്പിടിച്ചുള്ള കൊട്ടും. മേളങ്ങളിൽ ‘ത’ ‘ധിം’ എന്നീ രണ്ട് ശബ്ദങ്ങൾ വേർതിരിച്ച് കൊട്ടേണ്ടുന്നതിന്റെ ആവശ്യകതയുമുണ്ട്. പഞ്ചാരിയും, പാണ്ടിയും ഒരു ലഹരിയായി കാഴ്ചക്കാരിലേക്കു പടരുമ്പോൾ അവരുടെ കൈകൾ താളമായി ഉയരുന്നത് ഈ വലന്തലയിലെ കൊട്ടിനൊപ്പമാണ്.
മദ്ദളം
കേരളത്തിലെ പ്രധാന വാദ്യോപകരണങ്ങളുടെ ശ്രേണിയിൽ രൂപഘടനകൊണ്ടും, മന്ത്ര-മധുര നാദം കൊണ്ടും ശ്രദ്ദേയമായ ഒരു സവിശേഷ വാദ്യം ആണ് മദ്ദളം. കേളി, പഞ്ചവാദ്യം, കഥകളി, കൃഷ്ണനാട്ടം എന്നീ കലകളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന മദ്ദളം, പ്രണവശബ്ദം പുറപ്പെടുവിക്കുന്ന ഒരേ ഒരു തുകൽ വാദ്യമാണ്.”ദക്ഷിണാഗ്രേ സ്ഥിതോരുദ്ര ഉമാ, വാമേപ്രതിഷ്ഠിതാശിവ ശക്തിമയോ നാദോ മദ്ദളേ പരികീർത്തി തഃ ” :- വലത് ഭാഗത്തു (വലത്തേകൈകൊണ്ട് കൊട്ടുന്ന ഇടന്തല ഭാഗം) ശിവനും, ഇടതു ഭാഗത്തു (ഇടത്തേകൈകൊണ്ട് കൊട്ടുന്ന വലന്തല ഭാഗം) ഉമയും സ്ഥിതി ചെയ്യുന്നതുകൊണ്ട് മദ്ദളത്തിൽ നിന്നുണ്ടാകുന്ന നാദം ശിവശക്തിമയം ആണെന്ന് പറയുന്നു. ഈ ശ്ലോകത്തിൽ നിന്നും മദ്ദള വാദ്യം ശിവ-ശക്തി സ്വരൂപം ആണെന്ന് കരുതപ്പെടുന്നു.ആകൃതികൊണ്ടും, ഘടനകൊണ്ടും മദ്ദളം പഞ്ചഭൂതാത്മകമായ ബ്രഹ്മാണ്ഡം ആയി കണക്കാക്കുന്നു. മരം കൊണ്ടുള്ള മദ്ദളത്തിന്റെ കുറ്റി പൃഥിവീഭൂതവും, കുറ്റിയുടെ ഉള്ളിലെ അന്തരീക്ഷം ആകാശഭൂതമാണ്. തുകൽ വായുഭൂതവും, മദ്ദളത്തിന്റെ വലന്തലയിലുള്ള ചോറ് ജലഭൂതവും, കരി അഗ്നി ഭൂതവും ആണ്.കരിങ്ങാലി, പ്ലാവ്, രക്തചന്ദനം, മാവ് എന്നീ വൃക്ഷങ്ങളുടെ കാതലാണ് മദ്ദളക്കുറ്റിയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. നടുക്ക് വ്യാസം കൂടി ഇരുവശങ്ങളിലും വ്യാസം കുറഞ്ഞ മദ്ദളക്കുറ്റിയുടെ രൂപഘടന ശംഖനാദത്തോട് ഉപമിക്കാറുണ്ട്. കുറ്റിയുടെ വിസ്താരം കുറഞ്ഞഭാഗം ഇടന്തലയും, വിസ്താരം കൂടിയഭാഗം വലന്തലയുമാണ്. കുറ്റിയുടെ മധ്യഭാഗത്തു ഒന്നോ, ഒന്നരയോ ഇഞ്ച് വീതിയിലും, ഘനത്തിലും ഒരു കട്ട പോലെ കാണാം. ഇതിനെ ഉളികപ്പുറം എന്നു പറയുന്നു.കുറ്റിക്കിരുവശങ്ങളിലും തോൽവട്ടങ്ങളിൽ മുദ്രകുത്തി പൊതിഞ്ഞ് തോൽവാറുകൾ കോർത്തു വലിച്ച് മരക്കുറ്റിയില് ഉറപ്പിച്ചാണ് മദ്ദളം നിർമ്മിക്കുന്നത്. വട്ടങ്ങൾക്ക് പുറവട്ടം ,കൊട്ടുവട്ടം എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട്. കൊട്ടുന്ന സ്ഥലം( കൈ വീഴുന്ന ഭാഗം) കൊട്ടുവട്ടവും, പുറമെയുള്ള ഭാഗം പുറവട്ടവും, അതിനുപുറമെ (വാറ് മെടഞ്ഞെടുത്ത ഭാഗം) മുദ്ര എന്നും അറിയപ്പെടുന്നു.വട്ടങ്ങൾ ഉണ്ടാക്കാൻ കാളത്തോലും, വാറുകൾ ഉണ്ടാക്കാൻ പോത്തിന്തോലുമാണ് ഉപയോഗിക്കുന്നത്. വലന്തലയിലെ ചോറിടുന്ന തോലിനു കാണിത്തോൽ എന്ന് പറയും.ഉണക്കലരിച്ചോറിന്റെ പശ , കരി എന്നിവ വലന്തലവട്ടത്തിന് നടുവില് തേച്ചുപിടിപ്പിക്കുന്നു. ഇടന്തലയില് വലംകൈകൊണ്ടും വലന്തലയില് ഇടംകൈകൊണ്ടുമാണ് കൊട്ടുന്നത്. ഇടന്തലയിൽ നിന്ന് കേൾക്കുന്ന മണിനാദം പോലുള്ള തകാരവും (ത/ണ ശബ്ദം), വലന്തലയിൽ നിന്ന് കേൾക്കുന്ന ഓംകാരം മുഴങ്ങുന്ന തോംകരവും രണ്ടു ശക്തിഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇടന്തലവട്ടം ഉഗ്രസ്വരൂപമായ ശൈവഭാവവും, വലന്തലവട്ടം ശാന്തസ്വരൂപമായ ശക്തിഭാവവും മദ്ദള വാദ്യത്തിൽ സമന്വയിപ്പിക്കുന്നു.മറ്റു വാദ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മദ്ദളം അരയിൽ ഇട്ടാണ് കൊട്ടുന്നത്. അതിനായി വലിപ്പമുള്ള പുതപ്പ് കച്ചയായി ഉപയോഗിക്കുന്നു
ഇടയ്ക്ക
നമ്മുടെ മഹാ ക്ഷേത്രങ്ങളിൽ പ്രധാന ശ്രീകോവിലിനോട് ചേർന്ന് സോപാനത്തിങ്കൽ ദേവന്റെ/ ദേവിയുടെ കാതുകളിലെ കർണ്ണാഭരണം പോലെ തൂങ്ങിക്കിടക്കുന്ന ഒരു ദൃശ്യസുന്ദരമായ, ശ്രുതിമനോഹരമായ ഒരു ദേവവാദ്യത്തെ കാണാം. പ്രധാന ശ്രീകോവിലിനുള്ളിൽ നടയടച്ചു പൂജാവേളയിൽ സോപാനത്തിങ്കൽ നിന്ന് കൊട്ടിപ്പാടി സേവയ്ക്കുപയോഗിക്കുന്ന ആ മംഗളവാദ്യമാണ് ഇടയ്ക്ക.പുജകൊട്ടിനും, കൊട്ടിപ്പാടി സേവയ്ക്കും പുറമെ സോപാനസംഗീതത്തിലും, അഷ്ടപദി കച്ചേരിയിലും ഒഴിച്ചു കൂടാനാവാത്ത ഒരു വാദ്യമാണ് ഇടയ്ക്ക. വിശേഷ വാദ്യോപകരണങ്ങളുടെ വാദ്യസംഗമം ആയ പഞ്ചവാദ്യത്തിൽ ഇടയ്കക്ക് പ്രധാന സ്ഥാനം ഉണ്ട്. ക്ഷേത്രവാദ്യ ഗണങ്ങളിൽ ഉൾപ്പെടുന്ന ഒരു വാദ്യം എന്നതിന് പുറമെ ഒരു സംഗീതോപകരണമായും ഇടയ്ക്ക അറിയപ്പെടുന്നു. ഇടയ്കയെ ഒരു തുകൽ വാദ്യമായും, തന്ത്രി വാദ്യമായും, സുഷിര വാദ്യമായും പരിഗണിക്കുന്നു.ഒരു പക്ഷെ ഇത്രയും സിമ്പോളിക് ആയിട്ടുള്ള ഒരു വാദ്യം ഈ ലോകത്തിൽ തന്നെ മറ്റൊന്ന് കാണുകയില്ല. ഇടയ്കയുടെ ഒരോ ഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന അർത്ഥവർത്തായ ശാസ്ത്രിയ സങ്കല്പങ്ങൾ ഈ മംഗളവാദ്യത്തെ ക്ഷേത്ര വാദ്യങ്ങളിൽ പ്രഥമ സ്ഥാനത്തു പ്രതിഷ്ഠിക്കുന്നു.ഇടയ്കയുടെ ഇരുവശങ്ങളിലെ തോൽവട്ടങ്ങൾ സൂര്യനെയും ചന്ദ്രനെയും പ്രതിനിധാനം ചെയ്യുന്നു. നടുക്കുള്ള കുറ്റിയെ (ഭൂമിയായും)ശരീരമായും അതിലുള്ള ചെറിയ സുഷിരത്തെ ജീവനാളിയായും കരുതുന്നു. (രണ്ടു വട്ടവും നടുക്ക് കുറ്റിയും ഇതു ബ്രഹ്മ,വിഷ്ണു,മഹേശ്വരന്മാരുടെ ത്രിമൂർത്തി സങ്കല്പമായും കരുതാറുണ്ട്). മരകുറ്റിയുടെ ഇരുവശങ്ങളെയും ആത്മീയതയുടെയും ഭൗതികതയുടെയും അംശമായി കണ്ടുകൊണ്ടു അവയ്ക്കു കുറുകെ പനനാരുകൊണ്ടോ, കുതിരവലുകൊണ്ടോ ബന്ധിപ്പിച്ചിരിക്കുന്ന രണ്ടു തന്ത്രികളെ ജീവാത്മാവെന്നും പരമാത്മാവെന്നും സങ്കൽപ്പിക്കുന്നു. തോൽ മാടിയിരിക്കുന്ന വളയലിൽ ആറു സുഷിരങ്ങൾ കാണാം. ഇവ ആറു ശാസ്ത്രങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഷഡാധാരങ്ങൾ എന്ന സങ്കല്പത്തിലും ഇതിനേ പ്രതിപാദിക്കാറുണ്ട്. ഈ സുഷിരങ്ങളിലൂടെ നുൽ കോർത്തുകെട്ടിയാണ് ഇരുവട്ടങ്ങളെയും കുറ്റിയുമായി ബന്ധിപ്പിക്കുന്നത്. കോർത്തു കെട്ടിയനൂൽ അഞ്ച് ചരട് വരത്തക്കവിധം ചുറ്റുന്നു. പഞ്ചപ്രാണനേ, പഞ്ചേന്ദിയങ്ങളേ, പഞ്ചഭൂതങ്ങൾ ബന്ധിച്ചിരിക്കുന്നതായി ഒരു സങ്കല്പം ഇതിലുമുണ്ട്. മാധുര്യമുള്ള ശബ്ദ വ്യതിയാനം വരുത്തുവാൻ നാലു കോലുകൾ ഇടയിലൂടെ കോർത്തിരിക്കുന്നതു കാണാം ഇവയെ ജീവക്കോൽ എന്ന് പറയും. ഈ നാലു ജീവകോലുകൾ ചതുർവേദങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഈ നാലു കോലുകളുടെ രണ്ടറ്റത്തും (എട്ടെണ്ണം വീതം) തൂങ്ങിക്കിടക്കുന്ന വിവിധ വർണങ്ങളിലുള്ള അറുപത്തിനാലു പൊടിപ്പുകളെ അറുപത്തിനാല് കലകളായി സങ്കൽപ്പിക്കുന്നു. ഈ അറുപത്തിനാലു കലകളുടെ സങ്കല്പമാണ് ഇടയ്കയെ വർണ്ണമനോഹരമാകുന്നത്.ഇടയ്ക്ക ഉപയോഗം കഴിഞ്ഞ് തറയിൽ വയ്ക്കരുതെന്നാണ് ചട്ടം. ശ്രീകോവിലിന്റെ അരികിലായി തൂക്കിയിടുകയാണ് വേണ്ടത്. ഇത്രയും മനോഹരമായ ഈ വാദ്യത്തെ സോപത്തിങ്കൽ തൂക്കിയിടുന്ന തോൾകച്ചയെ സർപ്പരൂപമായ ശിവഗംഗയായി (ആദിശേഷൻ എന്നും സങ്കൽപ്പം ഉണ്ട്) സങ്കൽപ്പിക്കുന്നു. ഇത്രയും ശാസ്ത്രീയമായ രീതിയിൽ ഒരു പൂർണ്ണ പ്രപഞ്ചത്തെ ഉൾകൊള്ളുന്ന ഇടയ്ക്ക എന്ന സങ്കല്പ വാദ്യത്തിന്റെ ഭാരം താങ്ങാൻ ഈ ഭൂമി ദേവിക്ക് സാധ്യമല്ല എന്നതിനാൽ ആണ് സർവ്വപ്രപഞ്ചങ്ങളെയും വഹിക്കാൻ കഴിവുള്ള ആദി ശേഷൻ എന്ന സങ്കൽപ്പത്തിൽ ഇടയ്ക്ക കുറ്റിയിൽ ചേർത്ത് കെട്ടിയിരിക്കുന്ന രണ്ടു ചരടുകൊണ്ടുള്ള കൈത്താങ്ങിയുമായി ബന്ധിച്ച് മായയാകുന്ന കോലിൽ കോർത്ത് തോൾകച്ചയിൽ തൂക്കിയിടുന്നത്.
മരപ്പാണി
േരളീയ ക്ഷേത്ര വാദ്യ സങ്കൽപ്പങ്ങളിൽ, താന്ത്രിക ചടങ്ങുകൾക്കുള്ള ഉപയോഗക്രമം അനുസരിച്ചു, വാദ്യകലയെ നമുക്ക് രണ്ടായി തരം തിരിക്കാം. ക്ഷേത്ര മേളവാദ്യം എന്നും, ക്ഷേത്ര അടിയന്തിരവാദ്യം എന്നും. കാതുകളെ ഹരം കൊള്ളിക്കുന്ന പഞ്ചാരിയും, പാണ്ടിയും, പഞ്ചവാദ്യവുമെല്ലാം ഇതിൽ ആദ്യ ഗണത്തിൽ വരുന്ന, ക്ഷേത്ര മേളവാദ്യങ്ങളിൽ ഉൾപ്പെടുന്നവായണ്. എന്നാൽ അത്രയും ഗംഭീരമായി തോന്നില്ലെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക്, പ്രത്യേകിച്ചും താന്ത്രിക ചടങ്ങുകൾക്ക് വളരെയധികം പ്രാധാന്യമുള്ളതാണ് ക്ഷേത്ര അടിയന്തിരവാദ്യം. ആ ഗണത്തിൽ ഉൾപ്പെടുന്ന ഏറ്റവും പ്രധാന്യമേറിയ വാദ്യസംഹിതയത്രെ മരപ്പാണി. നമ്മുടെ ക്ഷേത്രങ്ങളിൽ ഉത്സവബലി, അഷ്ടബന്ധ, നവീകരണ കലശങ്ങൾ, പ്രതിഷ്ഠാ കലശങ്ങൾ മുതലായ ഏറ്റവും പ്രാധാന്യമേറിയ താന്ത്രിക ചടങ്ങുകൾക്ക് മാത്രമാണ് മരപ്പാണി കൊട്ടുന്നത്. ഇതിനുവേണ്ടി മരം എന്ന വാദ്യോപകരണവും ഒപ്പം ചേങ്ങില,ശംഖ് എന്നീ വാദ്യങ്ങളും ഉപയോഗിച്ചാണ് പാണി കൊട്ടുന്നത്. ചെണ്ടയുടെയും, മദ്ദളത്തിന്റെയും സമ്മിശ്ര രൂപമാണ് മരം. വരിക്കപ്ലാവിന്റെ കുറ്റിയിൽ പശുവിൻ തോൽ ചേർത്ത് കെട്ടിയാണ് ഇത് നിർമ്മിക്കുന്നത്. ഓരോ പാണികൊട്ടിനും മുമ്പ് പുതിയ മരം എന്ന സങ്കൽപ്പത്തിൽ കോടി തോർത്ത് ചുറ്റും. ഉപയോഗത്തിന് തൊട്ടു മുമ്പായി ചോറ് തേക്കുക എന്നൊരു ചടങ്ങുകൂടിയുണ്ട്. ഉജ്ജ്വലമായൊരു പഞ്ചഭൂത തത്വത്തിൽ ക്രമീകരിച്ചു കൊണ്ടാണ് മരം എന്ന വാദ്യത്തേ പാണികൊട്ടിനുപയോഗിക്കുന്നത്.ഉപയോഗക്രമം അനുസരിച്ചു മൂന്നു തത്വം, നാലു തത്വം, സംഹാര തത്വം (സൃഷ്ടി , സ്ഥിതി, സംഹാരം)എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ഇതിൽ നമ്മുടെ ഇടയിൽ കൂടുതലായും ഉപയോഗിക്കുന്നത് മൂന്നു തത്വം പാണിയാണ്. ക്ഷേത്ര പുനഃപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായ സംഹാരതത്വ കലാശത്തിനാണ് സംഹാര തത്വം പാണി ഉപയോഗിക്കുക. ഇതിന്റെ പ്രയോഗം അതീവ ശ്രമകരമായതിനാൽ അതിനു പകരമായി നാലുതത്വം പാണി തന്നെയാണ് പലപ്പോഴും കൊട്ടാറ്.മരപ്പാണി കൊട്ടുന്നതിനു മുമ്പും ശേഷവും കൃത്യമായ, ചിട്ടയോടുകൂടിയ തയ്യാറെടുപ്പുകൾ ആവശ്യമാണ്. അതിനെക്കുറിച്ചു മേലുകാവ് കുഞ്ഞിക്കൃഷ്ണ മാരാർ പറഞ്ഞ വാക്കുകൾ.” ക്ഷേത്രത്തിലെ മൂർത്തിയുടെ ഉത്സവ മുഹൂർത്തം ദർശിക്കുവാൻ മുപ്പത്തിമുക്കോടി ദേവകളും സന്നിഹിതരാവുന്ന നിമിഷം ഒപ്പം പാണിവാദകന്റെ ഏഴു തലമുറ പിന്നോട്ടും മുന്നോട്ടും നോക്കിക്കാണുന്ന നിമിഷം. അതുകൊണ്ടുതന്നെ പൂർണ്ണ മനഃശുദ്ധിയോടെ, നിഷ്ഠയോടെ നിർവഹിക്കേണ്ട കർമ്മം”. ഇതിൽ നിന്നും പാണികൊട്ടാൻ വ്രതവും, ഏകാഗ്രതയും, ശുദ്ധിയും വേണമെന്നത് നിർബന്ധമാണെന്ന് മനസിലാക്കാവുന്നതാണ്.പണിവാദകർ തലേദിവസം ഒരിക്കൽ നോക്കണം. ചടങ്ങുകൾക്ക് മുൻപായി കുളിച്ചു ശുദ്ധിയോടെ കോടിമുണ്ട് തറ്റുടുത്തു, ഉത്തരീയം ധരിച്ചു, ഭസ്മധാരണം ചെയ്യ്ത ശേഷം മരം കോടിതോർത്തിൽ പൊതിഞ്ഞെടുക്കും. ചേങ്ങിലക്കും ശംഖിനും പ്രത്യേകം കോടിതോർത്തുകൾ വേണം. തുടർന്ന് പാണിക്കുള്ള ഒരുക്കുകൾ സോപാനത്തിങ്കൽ തയ്യാറാക്കും. നിലവിളക്കും, ഗണപതി നിവേദ്യവും ഒരുക്കി നിറപറയും ഒപ്പം ചെങ്ങഴിയിൽ നെല്ലും, നാഴിയിൽ ഉണക്കലരിയും തൂശനിലയിൽ മനോഹരമായി തയ്യാറാക്കിയതിനു ശേഷം, മേൽശാന്തി നിലവിളക്കു കൊളുത്തിക്കഴിഞ്ഞാൽ നടയിൽ നിന്ന് സമസ്താപരാധങ്ങളും പറഞ്ഞു പ്രാർത്ഥിക്കുക തുടർന്ന് പണികൊട്ടുന്ന ആൾ താന്ത്രിയോട് അനുവാദം (അനുജ്ഞ) വാങ്ങിയ ശേഷം മരത്തിൽ ചോറ് തേക്കുക (കവുങ്ങിന്റെ ഓലയുടെ തഴങ്ങ് കത്തിച്ചുണ്ടാക്കിയ ഭസ്മവും, നിവേദിക്കാത്ത ചോറും കുട്ടിയ മിശ്രിതം). അതിനു ശേഷം മൂന്നുതവണ ശംഖ നാദം മുഴക്കിയതിനു ശേഷം മരത്തിൽ ‘ത’കാരം കൊട്ടി തുടങ്ങും (ഒപ്പം ചേങ്ങിലയിലും).മൂന്നു തത്വം മരപ്പാണി അമ്പത്തിമൂന്നു അക്ഷരങ്ങളിലും, നാലു തത്വം മരപ്പാണി അറുപത്തിമൂന്ന് അക്ഷരങ്ങളിലും ചിട്ടപ്പെടുത്തിയിരിക്കുന്നു. ഈ അക്ഷരങ്ങളെ മുഴുക്കില, അരക്കില, വിടു സ്വരം, കൂറ്, തീറ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു. രണ്ട് അക്ഷരങ്ങൾ തമ്മിലുള്ള അകലം ചെമ്പട വട്ടം മാത്ര പിടിച്ചു ഇരുകൈകളിലുമായ് മാറി മാറി കോട്ടേണ്ടതാണ്. പഞ്ചഭൂത തത്വത്തിൽ അധിഷ്ഠിതമായ, പഞ്ചപ്രാണനും, ഷഢാധാരങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള പാണി കൊട്ടൽ എന്ന വാദ്യ സംഹിതയുടെ പവിത്രമായ ചടങ്ങിന് പഞ്ചേന്ദ്രിയങ്ങളുടെ ശുദ്ധിയും, കൃത്യതയും ആവശ്യമാണ്. അതുകൊണ്ടു തന്നെ ഇതിന്റെ പ്രയോഗം ഗുരുക്കന്മാരിൽ നിന്നും ഹൃദിസ്ഥമാക്കിയതിനു ശേഷം മാത്രമേ പാടുള്ളു.താന്ത്രിക ചടങ്ങുകളിലെ ഏറ്റവും പ്രാധാന്യമേറിയ ഈ ദേവവാദ്യത്തിന്റെ പ്രയോഗത്തെക്കുറിച്ചു പരിമിതമായ ഈ അറിവുകൾ ഗുരുസ്ഥാനീയർ പകർന്നു നൽകിയതും, പല വിവരണങ്ങളിൽ നിന്ന് ലഭ്യമായതും ആണ്. പ്രാദേശികമായ പല വ്യത്യാസങ്ങൾ ഈ വാദ്യസംഹിതയിലും ഉണ്ട്. ഇതിൽ വിവരിച്ചിരിക്കുന്ന രീതിയിലുള്ളത് മധ്യകേരളത്തിലും, തെക്കൻ കേരളത്തിലും പാലിച്ചു പോരുന്ന ചിട്ടാക്രമങ്ങളാണ് ആയതിനാൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.