യോഗ

ഇന്ത്യയിലെ പൗരാണിക ആരോഗ്യ പരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ. ഇന്ത്യ ലോകത്തിന് നൽകിയ സംഭാവനയാണിത്. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട് കൂടി രചിക്കപ്പെട്ട പുരാതന കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജല യോഗശാസ്ത്രം). പതഞ്ജലി മഹർഷിയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. യോഗ എന്ന വാക്കിന്റെ അർത്ഥം ചേർച്ച എന്നാണ്. ആധുനിക ചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ സമ്പ്രദായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ നടന്നുവരുന്നുണ്ട്.വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകൾക്കു പകർന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോല ഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി എന്ന്‌ വിലയിരുത്തപ്പെടുന്നു.

യമം

അഹിംസ , സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. 

നിയമം

ശൗചം, സന്തോഷം, തപസ്സ്, ഈശ്വര പ്രണിധാനം, സ്വാദ്ധ്യായം എന്നിവയാണ് നിയമം.

ആസനം

‘സ്ഥിരസുഖം ആസനം’ സ്ഥിരമായ സുഖം പ്രദാനം ചെയ്യുന്നതെന്തോ അതാണ്‌ ആസനമെന്ന് പറയുന്നത്

പ്രാണായാമം

യോഗാഭ്യാസത്തിന്റെ പ്രധാനമായ വിഷയമാണ് പ്രാണായാമം. നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസത്തിനെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രത്യാഹാരം

തിരിച്ചുകൊണ്ടുവരൽ എന്നാണ് പ്രത്യാഹാരപദത്തിന് അർഥം. ഇന്ദ്രിയങ്ങളെ ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം എന്നീ സ്വസ്വവിഷയങ്ങളിൽ വ്യാപരിക്കുവാൻ അനുവദിക്കാതെ പിടിച്ചുനിർത്തി ആ ഇന്ദ്രിയങ്ങളുടെ അധീശത്വം നേടുകയും തദ്വാര മനഃശക്തിയെ ഒരിടത്ത് കേന്ദ്രീകരിപ്പിക്കുകയും ആണ് പ്രത്യാഹാരത്തിന്റെ ലക്ഷ്യം

ധാരണ

മനസ്സിനെ ഏകാഗ്രമാക്കി ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്ന അനുഷ്ഠാനമാണ് ധാരണ. നാസാഗ്രം, നാഭിചക്രം മുതലായ ഏതെങ്കിലും ഒരു സ്ഥാനത്തെ ഈ ആവശ്യത്തിനു തിരഞ്ഞെടുക്കാവുന്നതാണ്.

ധ്യാനം

ധാരണയ്ക്കു വിഷയമായ ബിന്ദുവിൽ ഏകതാനത അനുഭവിക്കുകയാണ് ധ്യാനം എന്ന അംഗത്തിന്റെ സ്വഭാവം. അപരിവർത്തിതവും അവിചലിതവും ആയ ജ്ഞാനാവസ്ഥയാണ്

സമാധി

യോഗത്തിന്റെ എട്ടാമത്തേതും അവസാനത്തേതുമായ അംഗമാണ് സമാധി. ഉപ്പും വെള്ളവും പോലെ മനസ്സും ആത്മാവും ഐക്യം പ്രാപിക്കുന്ന ഒരവസ്ഥയാണ് സമാധിയിൽ അനുഭവപ്പെടുന്നത്

കുണ്ഡലിനി യോഗ

കുണ്ഡലിനിയെ ഉണര്‍ത്താന്‍ ഷഡ്ക്രിയകള്‍, ആസനങ്ങള്‍, പ്രാണയാമം, ബന്ധം, മുദ്ര, ധ്യാനം തുടങ്ങിയ യോഗ വിദ്യകളിലൂടെ നാം സ്വയം സജ്ജരാകേണ്ടതുണ്ട്. കുണ്ഡലിനിയുടെ ഉണരല്‍ മസ്തിഷ്ക്കത്തില്‍ ഒരു സ്‌പോടനത്തിന് കാരണമാവുകയും അവിടുത്തെ സുപ്തമേഖലകള്‍ പൂക്കളെന്നപ്പോലെ വിടരാന്‍ തുടങ്ങുകയും ചെയ്യുന്നു.

നാഡി

മനോതലത്തില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയും വിധത്തില്‍ വ്യക്തമായ പാതകളും പ്രകാശം, നിറം, ശബ്ദം തുടങ്ങിയ സവിശേഷതകളുമുള്ള ഊര്‍ജ്ജ പ്രവാഹങ്ങളാണ് നാഡികള്‍ എന്ന് യോഗാ ഗ്രന്ഥങ്ങള്‍ പറയുന്നു. ഈ നഡീജാലികയുടെ വൈപുല്യം കാരണം വിവിധ യോഗാ ഗ്രന്ഥങ്ങളില്‍ ഇവയുടെ എണ്ണം വ്യത്യാസമായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഗോരക്ഷാസാധകം അഥവാ ഗോരക്ഷ സംഹിതയും ഹം യോഗ പ്രദീപികയും ഇവയുടെ എണ്ണം 72,000 ആണെന്ന് രേഖപ്പെടത്തുന്നു- നാഡീകേന്ദ്രം അഥവാ മണിപ്പൂര ചക്രം തൊട്ട് ഈ ആയിരകണക്കിന് നാഡികളില്‍ സുഷുമ്നയാണ് ഏറ്റവും പ്രധാനം. ശരീരത്തില്‍ നിന്നും പുറത്തേക്കുള്ള വാതിലുകളെ കൂട്ടിയിണക്കുന്ന പത്ത് മഹാ നാഡികള്‍ ഉണ്‌ടെന്ന് ശിവസ്വരോദയം എന്നഗ്രന്ഥത്തില്‍ പറയുന്നു. ഈ പത്തെണ്ണത്തില്‍ ഇന്ധ, പിംഗള, സുഷുമ്ന ഏറ്റവും പ്രധാനങ്ങളാണ്.